പ്രവാസി വെൽഫെയർ ഫോറം.
പ്രവാസികളായി ജീവിക്കുന്നവരെയും പ്രവാസം മതിയാക്കി മടങ്ങിവരുന്നവരെയും ചേർത്തു പിടിക്കുന്നു പ്രവാസി വെൽഫെയർ ഫോറം.

പ്രവാസത്തിലും നാട്ടിലും പ്രവാസികളുടെ സമാധാനപൂർണമായ ജീവിതം ഉറപ്പുവരുത്തുന്നതിനു
വേണ്ടിയാണ് പ്രവാസി വെൽഫെയർ ഫോറം രൂപീകൃതമായത്.

സ്വന്തം ആരോഗ്യ പ്രശ്നങ്ങള്‍ അവഗണിച്ച് മറ്റുള്ളവര്‍ക്കായി ജീവിക്കുക എന്നതാണ് പ്രവാസിയുടെ പൊതു ജീവിത രീതി. ഒന്നും രണ്ടും വർഷം കൂടുമ്പോൾ വിരലിലെണ്ണാവുന്ന അവധി ദിനങ്ങൾക്കായി പ്രവാസി നാട്ടിലെത്തുന്നു.
ആ ദിവസങ്ങളിൽ മാത്രമാണവൻ ജീവിക്കുന്നത്. പ്രവാസലോകത്തെ ബാക്കിയുള്ള കാലം തികച്ചും യാന്ത്രികവും.

അപ്രതീക്ഷിതമായി കടന്നെത്തുന്ന ദുരന്തങ്ങള്‍ക്ക് മുന്‍പില്‍ പകച്ചു പോവുന്ന പ്രവാസിയും അവരുടെ ആശ്രിതരും നമ്മെ എപ്പോഴും വേദനിപ്പിക്കാറുണ്ട്. അപ്പോഴും പകച്ചു നിൽക്കാതെ അവർക്ക് താങ്ങും തണലുമേകാൻ പ്രവാസി വെൽഫെയർ ഫോറം കൂടെയുണ്ടാകും.

“ജീവിതം ഒരു പ്രവാസമാണ്. ജീവിക്കുന്ന എല്ലാ മനുഷ്യരും പ്രവാസികളാണ്. എന്നെന്നേക്കുമായി ഈ ലോകം വിട്ടു പോകുമ്പോൾ മാത്രമാണ് നാം ഈ പ്രവാസം അവസാനിപ്പിക്കുന്നത്.” മലയാളിയുടെ പ്രിയപ്പെട്ട എഴത്തുകാരൻ
എം. മുകുന്ദൻ , പ്രവാസം എന്ന നോവലിൽ പറഞ്ഞു വെച്ച ഇൗ വരികൾ നമുക്ക് ചിരപരിചിതമാണ്.

ഈ ജീവിതത്തിൽ കരുതലിന്റെ കരസ്പർശമായി, പ്രവാസിയുടെ കൂടപ്പിറപ്പായി പ്രവാസി വെൽഫെയർ ഫോറം നിങ്ങൾക്കൊപ്പം തന്നെ ഉണ്ടാകും.

വിദേശവാസം പൂർത്തിയാക്കി നാട്ടിൽ മടങ്ങിയെത്തുന്ന പ്രവാസികളുടെ ജീവിത സുരക്ഷ ഉറപ്പുവരുത്തന്നതിനു വേണ്ടിയാണ് പ്രവാസി വെൽഫെയർ ഫോറം രൂപീകൃതമായത്.

പ്രവാസി വെൽഫെയർ ഫോറത്തിന്‍റെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന്‍റെ ഭാഗമായി കേരളത്തില്‍ മടങ്ങിയെത്തിയ പ്രവാസികളുടെ നാനാവിധത്തിലുള്ള പ്രശ്നങ്ങൾ പഠിക്കാനും സാധ്യമാകുന്ന പരിഹാരം കണ്ടെത്താനുമുള്ള ഒരുക്കത്തിലാണ് പ്രവാസി വെൽഫെയർ ഫോറം.

ഇന്ത്യൻ പ്രവാസികളിൽ ഗണ്യമായൊരുപങ്ക് കേരളത്തിൽ നിന്നാണ്. മൂന്ന് കോടി പ്രവാസി ഇന്ത്യക്കാരിൽ മലയാളികളുടെ എണ്ണം മുപ്പത് ലക്ഷത്തിലേറെ വരും. പ്രവാസി ഇന്ത്യക്കാരിൽ 90 ശതമാനവും ഗൾഫ് രാജ്യങ്ങളിലാണുള്ളത്. അവരുടെ അദ്ധ്വാനത്തിന്‍റെ വിലയാണ് കേരളം ഇന്നനുഭവിക്കുന്ന സാമൂഹിക പുരോഗതിയുടെ അടിത്തറ. പ്രവാസി മലയാളി സ്വന്തം കുടുംബത്തെ മാത്രമല്ല പോറ്റുന്നത്. നാടിന്‍റെ ആരോഗ്യ-വിദ്യാഭ്യാസ-മത-രാഷ്ട്രീയ-സാംസ്കാരിക മേഖലകളിലെല്ലാം പ്രവാസി മലയാളികളുടെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. ഒരു ലക്ഷം കോടി രൂപയാണ് വർഷം തോറും പ്രവാസി മലയാളി നാട്ടിലേക്കയക്കുന്നത്. വിദേശ നിക്ഷേപത്തെക്കാളും വിവിധ പദ്ധതികൾക്കായി സർക്കാർ എടുക്കുന്ന വായ്പയെക്കാളും എത്രയോ ഇരട്ടിയാണ് ഇത്. സംസ്ഥാനത്തിന്‍റെ ആഭ്യന്തര ഉൽപ്പാദനത്തിന്‍റെ 36.5 ശതമാനത്തോളമാണിത്. എന്നിട്ടും പ്രവാസികളോടും അവരുടെ ന്യായമായ അവകാശങ്ങളോടും അധികാരികൾ കടുത്ത അവഗണനയും വിവേചനവുമാണ് കാണിക്കുന്നത്. സമകാലിക കേരളത്തെ രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ച കേരളത്തിലെ പ്രവാസികളുടെ ക്ഷേമത്തിനും പുനരധിവാസത്തിനും അധികൃതർ ഒരുകാലത്തും അർഹിക്കുന്ന പരിഗണന നൽകിയിട്ടില്ല എന്നതാണ് യാഥാർത്ഥ്യം.

ഒരു പുരുഷായുസ്സ് മുഴുവൻ അന്യനാട്ടിൽ കഴിഞ്ഞ് തിരിച്ചെത്തുന്ന പ്രവാസികളോട് മാറിമാറി വന്ന സർക്കാറുകൾ എക്കാലത്തും ചിറ്റമ്മനയമാണ് സ്വീകരിച്ചുവരുന്നത്.

ഗൾഫ് നാടുകളിൽ തൊഴിൽമേഖലയിലെ സ്വദേശിവൽക്കരണം ഉൾപ്പടെയുള്ള പുതിയ തൊഴിൽ നിയമങ്ങളും ലോകം മുഴുവൻ വ്യാപിച്ച സാമ്പത്തിക അസ്ഥിരതയും മൂലം കേരളത്തിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികളുടെ എണ്ണം നാൾക്കുനാൾ ഏറിവരികയാണ്. തൊഴിൽക്ഷാമത്തെ തുടർന്ന് പത്തു വർഷം മുമ്പ് നാട്ടിൽ തിരിച്ചത്തിയ പ്രവാസി മലയാളികളുടെ എണ്ണം 7.3 ലക്ഷമായിരുന്നുവെങ്കിൽ ഇന്ന് അത് 15.2 ലക്ഷമായി വർദ്ധിച്ചിട്ടുള്ളതായി സെന്റർ ഫോർ ഡെവലപ്പ്മെന്റ് സ്റ്റഡീസ് നടത്തിയ കേരള പ്രവാസി സർവ്വേ റിപ്പോർട്ടിൽ പ്രത്യേകം പരാമർശിക്കുന്നുണ്ട്.

ഇങ്ങനെ മടങ്ങിയെത്തുന്ന പ്രവാസികളെ പുനരധിവസിപ്പിക്കാനോ സ്വന്തം നിലക്ക് അവർ കണ്ടെത്തുന്ന തൊഴിൽ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കാനോ ഉള്ള ക്രിയാത്മകമായ ഒരു പദ്ധതിയും അധികാരികൾ മുന്നോട്ടു വെക്കുന്നില്ല. ഉള്ള പദ്ധതികളാകട്ടെ സാങ്കേതികതയുടെ നൂലാമാലകളിൽ കിടന്ന് വീർപ്പുമുട്ടുന്നു.

ഇങ്ങനെയൊരു സാഹചര്യത്തിലാണ് വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ കേരള ഘടകം പ്രവാസികളുടെ ക്ഷേമം മുന്‍നിര്‍ത്തി രൂപീകരിച്ചതാണ് പ്രവാസി വെൽഫെയർ ഫോറം.